
കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഫിസിക്സ് വകുപ്പ് പ്രൊഫസർ ഡോ. റൈൻ കുമാർ എ. കെ സ്പാനിഷ് നാഷണൽ റിസർച്ച് കൗൺസിലിന്റെ (CSIC) 2025 ഐ-കൂപ്പ് (I-COOP) പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ഗവേഷണ പദ്ധതിക്കുള്ള ധനസഹായം ലഭിച്ചു. “Studies of the Improvement of Data Quality for PET (Positron Emission Tomography)” എന്ന ഗവേഷണ പദ്ധതിക്കാണ് ധനസഹായം ലഭിച്ചിരിക്കുന്നത്. മെഡിക്കൽ ഫിസിക്സ് മേഖലയിലെ ഗവേഷണ സഹകരണവും വിജ്ഞാന കൈമാറ്റവും ശക്തിപ്പെടുത്തുന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 2026 ജനുവരി 1 മുതൽ 2027 ഡിസംബർ 31 വരെയുള്ള കാലയളവിലാണ് പദ്ധതി നടപ്പാക്കുക. പദ്ധതിക്കായി 21,970 യൂറോയുടെ (ഏകദേശം 24.6 ലക്ഷം രൂപ) ധനസഹായമാണ് അനുവദിച്ചിരിക്കുന്നത്.
കുസാറ്റും സ്പെയിനിലെ യൂണിവേഴ്സിറ്റി ഓഫ് വലൻസിയയുമായി ബന്ധമുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോർപസ്കുലർ ഫിസിക്സ് (IFIC) സ്ഥാപനവും ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. സ്പെയിനിലെ IFICയിലെ ശാസ്ത്രജ്ഞയായ ഡോ. അന റോസ് ഗാർസിയയും ഡോ. റൈൻ കുമാർ എ. കെ.യും പദ്ധതിയുടെ മുഖ്യ ഗവേഷകരാണ്. പദ്ധതിയുടെ ഭാഗമായി കുസാറ്റിലെ എം.എസ്.സി ഫിസിക്സ് വിദ്യാർത്ഥിനിയായ ഡെലീന സാംസൺ ലോറൻസ് ഗവേഷണ പ്രവർത്തനങ്ങളിൽ പങ്കാളിയാകുകയും 2026 മെയ്-ജൂൺ മാസങ്ങളിൽ സ്പെയിനിലെ IFICയിൽ ഗവേഷണ സന്ദർശനം നടത്തുകയും ചെയ്യും.
Photo Courtesy - Google










